മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിന്റെ ആസ്ഥാനമാണ് മഞ്ചേരി നഗരസഭ. കേരളത്തിലെ നഗരസഭകളില്‍ വിസ്തീര്‍ണം കൊണ്ട് രണ്ടാം സ്ഥാനമാണ് മഞ്ചേരി നഗരസഭക്കുള്ളത്. മലപ്പുറം ജില്ലയുടെ വ്യാവയസായിക തലസ്ഥാനമായ മഞ്ചേരി കോഴിക്കോട് വിമാനതാവളത്തില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലയായും, ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകളും സഥാപനങ്ങളും, മെഡിക്കല്‍ കോളേജും, കോടതികളും മഞ്ചേരി നഗരസഭാ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്. ഉയര്‍ന്ന കുന്നിന് പ്രദേശങ്ങളും, ചരിവുകളും സമതലങ്ങളും അടങ്ങിയതാണ് മഞ്ചേരി നഗരസഭാ പ്രദേശം. നഗരസഭയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും നാഗരിക സ്വഭാവമാണുള്ളത്. പ്രാന്തപ്രദേശങ്ങള്‍ ജനസാന്ദ്രത കുറഞ്ഞതും, ഗ്രാമീണ സ്വഭാവ മുള്ളതുമാണ്.
എല്ലാ മത സമുദായങ്ങളിലുംപെട്ട സമ്പന്ന കുടുംബങ്ങളും അദ്ധ്വാനികളായ മനുഷ്യരും സൌഹൃദത്തണലില്‍ ഒന്നിച്ചിരുന്ന സ്നേഹത്തിന്റെ തുരുത്ത്. വ്യത്യസ്ത ചിന്താഗതികളും സംസ്കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും മഞ്ചേരിയുടെ മണ്ണിടം ഊഷമളമായാണ് സ്വീകരിച്ചത്. ഭൂപ്രദേശത്തിന്റെ വൈവിധ്യം പോലെതന്നെ ഹൃദയവിശാലതയുടെ അവബോധം എല്ലാ മനുഷ്യരെയും ഒരുപോലെ ഉള്‍ക്കൊള്ളാനുള്ള പക്വത ചരിത്രം പകര്‍ന്നു നല്കി.
അപൂര്‍വ്വവും അതുല്യവുമായ നേട്ടങ്ങളും മറക്കാനാവാത്ത ചരിത്ര സംഭവങ്ങളും, പ്രശസ്തമായ മതസാംസ്കാരിക കൂട്ടായ്മകളും, വൈദേശിക മേധാവിത്വത്തിനെതിരെയുള്ള വ്യത്യസ്തമായ പോരാട്ട വഴികളും രാഷ്ട്രീയ ദിശാബോധം നല്കിയ നേതൃത്വങ്ങളും മഞ്ചേരിയെ മാനവ ചരിത്രത്തിലെ മഹാചേരിയാക്കി ഉയര്‍ത്തി.
മഞ്ചേരി നഗരസഭയിലെ ആകെ ജനസംഖ്യ 2011 ലെ സെൻസസ് പ്രകാരം 97102 ആണ്. 47171പുരുഷന്മാരും 49931 സ്ത്രീകളുംഉൾപ്പെടുന്നു. ജന സാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 1830 പേരാണ്.
മലപ്പുറം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്ത് ആയിട്ടാണ് മഞ്ചേരി നഗരസഭ പ്രദേശത്തിന്റെ സ്ഥാനം ഉള്ളത് . ഏറനാട് താലൂക്കിന്റെ ആസ്ഥാനം കൂടിയാണ് മഞ്ചേരി നഗരം . ഇടനാട് വിഭാഗത്തിൽപ്പെടുന്ന ഭൂപ്രകൃതിയാണ് ഇവിടെ എങ്കിലും സാമാന്യം ഉയരത്തിലുള്ള 30 ഓളം കുന്നുകളും ചെറിയ താഴ്വരകളും , വയലുകളും ചേർന്നതാണ് ഭൂമി . സമുദ്ര നിരപ്പിൽ നിന്നും ശരാശരി 38 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് . ചെമ്മണ്ണ് , വെട്ടുക്കല്ല് നിറഞ്ഞ കുന്നിൻ പ്രദേശങ്ങൾ നഗരസഭയിൽ കണ്ടുവരുന്നു . നഗരവത്ക്കരണം വേഗത്തിൽ നടക്കുന്ന നഗസഭ പ്രദേശത്ത് ഭൂവിനിയോഗത്തിൽ വന്ന മാറ്റം പാടശേഖരങ്ങളെ വിസ്മൃതിയിലാക്കിയിരിക്കുന്നു . നഗരസഭയിൽ 5311.47 ഹെക്റ്റർ വിസ്തൃതിയിൽ 45.87 ശതമാനവും ഉയർന്ന പ്രദേശങ്ങൾ ആണ് . 16 ശതമാനം വീതം കുറഞ്ഞ ചെരിവുള്ള ഭാഗങ്ങളും , കുത്തനെ ചെരിവുള്ള ഭാഗങ്ങളുമാണ് .
കേരളത്തിലെ മറ്റ് പട്ടണങ്ങളെപ്പോലെ തന്നെ, മഞ്ചേരിയിലും ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുകയും ഗണ്യമായ മഴ ലഭിക്കുകയും ചെയ്യുന്നു. മഞ്ചേരിയിൽ ഹ്രസ്വമായ വരണ്ട കാലവും നിലനിൽക്കുന്നു. മഞ്ചേരിയുടെ ശരാശരി വാർഷിക താപനില 27.5°C ആണ്, ഏപ്രിൽ ആണ് ഏറ്റവും ചൂടേറിയ മാസം. ശരാശരി മഴ 2913 മില്ലിമീറ്ററാണ്.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ 53.06 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. 1978 -ൽ ആണ് മഞ്ചേരി നഗരസഭ രൂപീകൃതമായത്. ഈ നഗരസഭയിൽ 53 വാർഡുകളുണ്ട് . മഞ്ചേരി, പഞ്ചായത്തിൽ നിന്നും നഗരസഭയായി നിലവിൽ വരുന്നത് 1978 മാർച്ച് 22ന് ആണ്. ഇന്ന് ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രവും ഏറ്റവും വലിയ പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രവുമാണിത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചേറുമ്പ് മലയിൽ നിന്ന് ഉത്ഭവിച്ചിറങ്ങുന്ന ഒലിപ്പുഴ പരിണമിച്ചുണ്ടായ കടലുണ്ടിപ്പുഴ നെല്ലിക്കുത്ത് മുതൽ പുല്ലഞ്ചേരി വരെയുള്ള 5 കിലോമീറ്റർ ദൂരം നഗരസഭ അതിർത്തിയായി ഒഴുകുന്നു. കുന്നുകളും പാറക്കൂട്ടങ്ങളും നീർച്ചാലുകളും നിറഞ്ഞ പയ്യനാടും പുല്ലഞ്ചേരി ഡാമും മാരിയാട്ടെ ആലിയപറമ്പ് മലയും പാരിസ്ഥിതിക പ്രാധാന്യമുള്ളവയാണ് . പട്ടർക്കുളം, പാലക്കുളം, പാറക്കുളം,രാമൻകുളം, അത്തിക്കുളം തുടങ്ങിയ സ്ഥലപ്പേരുകൾ തന്നെ ഇവിടം ജലസമൃദ്ധ പ്രദേശങ്ങൾ ആയിരുന്നെന്ന് ഓർമ്മപ്പെടുത്തുന്നു. ജലസമൃദ്ധിയും കാർഷികസമൃദ്ധിയും ഉൾപ്പെട്ട ഹരിതാഭമായ ഒരു പാരമ്പര്യം മഞ്ചേരിക്കുണ്ട്.