കുന്നുകളും വിപുലമായ പാടശേഖരങ്ങളുമുള്ള മഞ്ചേരി നഗരസഭയുടെ കിഴക്കതിര്‍ത്തിയായ നെല്ലിക്കുത്ത് കാക്കത്തോടും കടലുണ്ടിപ്പുഴയും സംഗമിക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചേറുമ്പ് മലയില്‍ നിന്നുല്‍ഭവിച്ചിറങ്ങുന്ന ഒലിപ്പുഴ പരിണമിച്ചുണ്ടായ കടലുണ്ടിപ്പുഴ നെല്ലിക്കുത്ത് മുതല്‍ പുല്ലഞ്ചേരി വരെയുള്ള അഞ്ചുകിലോമീറ്റര്‍ ദൂരം നഗരസഭാതിര്‍ത്തിയായി ഒഴുകുന്നു. കുന്നുകളും പാറക്കൂട്ടങ്ങളും നീര്‍ചാലുകളും നിറഞ്ഞ പയ്യനാടും പുല്ലഞ്ചേരി ഡാമും, മാരിയാട്ടെ ആലിയാപറമ്പ് മലയും മനോഹര പ്രകൃതി ദൃശ്യങ്ങളാണ്.
മഞ്ചേരി നഗരസഭയിലെ വിവിധ സ്ഥലപ്പേരുകള്‍ തന്നെ ഇവുടുത്തെ ഭൂമിയുടെ ഉപരിതലസവിശേഷതകള്‍ സൂചിപ്പിക്കുന്നവയാണ്. പട്ടര്‍കുളവും, പാലക്കുളവും, പാറക്കുളവും, രാമന്‍കുളവും, അത്തിക്കുളവുമെല്ലാം ജലാശയങ്ങളുമായി ബന്ധപ്പെട്ടവാസസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. തമിഴ് ഭാഷയില്‍ പുരയിടമെന്ന് സൂചിപ്പിക്കുന്ന മംഗലശ്ശേരിയും, താമരശ്ശേരിയും, പുല്ലഞ്ചേരിയും ‘പറമ്പ്’ല്‍ അവസാനിക്കുന്ന തടപ്പറമ്പും, നെല്ലിപ്പറമ്പും നീലിപറമ്പും തേര് പറമ്പും സമാനതകളുള്ളതാണ്.
ചെറുതും വലുതുമായ 80 ഓളം തോടുകള്‍ നഗരസഭയിലുണ്ട്. സ്വാഭാവിക നീരൊഴുക്കുകളുണ്ടായിരുന്ന ഇവയില്‍ പലതും നികത്തിപോകുകയോ, ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. കടലുണ്ടിപ്പുഴയിലേക്കും, ചാലിയാറിലേക്കുമാണ് നഗരസഭയിലെ നീരൊഴുക്കുകള്‍. മാലാംകുളം മുതല്‍ മുള്ളമ്പാറ വരെയും നെല്ലിപ്പറമ്പ് മുതല്‍കിടങ്ങഴി വരെയും നഗരത്തിന്റെ പ്രധാന ഭാഗവും ഉള്‍ക്കൊള്ളുന്ന മേഖലയില്‍ നിന്നുള്ള പാഴ്ജലം കിടങ്ങഴി, കാരാപറമ്പ് വഴി ചാലിയാറിന്റെ പുനരുദ്ധാരണം കേന്ദ്രപദ്ധതിയില്‍ നടന്നു വരികയാണ്.
പാറകളിലും, കുഴികളിലും, കരകളിലും, കുന്നുകളിലും അവസാനിക്കുന്ന നാട്ടുപേരുകള്‍ നഗരസഭയിലേറെയുണ്ട്. ഇതൊക്കെ ഉപരിതല സവിശേഷതകളുമായി ബന്ധപ്പെട്ടതുതന്നെയാണ്. നഗരസബയിലെ 20-ഓളം വാര്‍ഡുകളിലാണ് കൂടുതല്‍ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നത്. ഇവിടങ്ങളിലുള്ളവര്‍ പ്രധാനമായും ജോലിനോക്കുന്നത് സേവനമേഖലകളിലാണു താനും. ബാക്കി വാര്‍ഡുകള്‍ മിക്കതും കാര്‍ഷിക പ്രധാനമാണ്.
ജനജീവിതത്തിനു തടസ്സമായി കരുതപ്പെട്ടിരുന്ന കുന്നുകളില്‍ പലേടത്തും ജനനിബിഡമാണ്. കുറഞ്ഞ സ്ഥലത്ത് അനവധി വീടുകള്‍, കുടിവെള്ളം ഗതാഗതം പോലുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ജീവിക്കുന്ന അത്തരം കുന്നുകള്‍ക്ക് കാഞ്ഞിരാട്ട്കുന്ന്, താണിപ്പാറകുന്ന്, കോളേജ്കുന്ന് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
സാമാന്യം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 30-ഓളം കുന്നുകള്‍ നഗരസഭയില്‍ ഉണ്ട് കാളിയാര്‍ കുന്ന്, കോഴിക്കാട്ട് കുന്ന്, ഏറാമ്പ്ര കുന്ന്, കിഴക്കേകുന്ന്, വെള്ളപ്പാറക്കുന്ന്, ചമ്പ്രക്കുന്ന്, തുവ്വക്കുന്ന്, ഇടിഞ്ഞിലക്കുന്ന് നീലാമ്പ്ര കുന്ന്, പൊട്ടിക്കുന്ന് തുപ്പിലിക്കാട്ട്കുന്ന്, പോത്തലാംകുന്ന്, മണ്ണാര്‍കുന്ന്, ചാലുംകൂന്നുംപുറം തുടങ്ങി കുന്നുകളുടെ പട്ടിക നീളുന്നു. വട്ടപ്പാറയും, കുട്ടിപ്പാറയും, തൂസിക്കാട്ട്പ്പാറയും പോലെ പാറകള്‍ക്കും മേല്‍ വിലാസമുണ്ട്.
പഴയ നാടായ പയ്യനാടും അരുവിക്ക് കീഴായി സ്ഥിതി ചെയ്തിരുന്ന അരുകിഴായയും പുഴയുടെ സാമീപ്യം കൊണ്ട് മുമ്പ് നെല്ലുല്‍പാദന കേന്ദ്രമായിരുന്ന നെല്ലിക്കുത്തും ചോലയുടെ സാന്നിദ്ധ്യം കൊണ്ട് സമൃദ്ധമായ ചോലക്കലും കരുമാന്‍പുറവുമെല്ലാം (കരുവമ്പ്രം) പ്രശസ്തമാണ്.
പൊയിലുകളും, തോടുകളും നിറഞ്ഞ തോട്ടുപൊയിലും, പുഴങ്കാവും, അമയംകോടും, നെല്ലിമരംനട്ട് അതിര്‍ത്തി നിര്‍ണ്ണയിച്ചിരുന്ന കാലത്ത് നെല്ലിക്കുത്തായ സ്ഥലം നെല്ലിക്കുത്ത്, നെല്ലിപ്പറമ്പായി മാറിയ നെല്ലിമരപ്പറമ്പ് എന്നിങ്ങനെ അറിയപ്പെട്ടുവെന്നും പഴമക്കാര്‍ പറയുന്നു.
5311.47 ഹെക്ടര്‍ വിസ്തൃതിയുള്ള മഞ്ചേരി നഗരസഭയുടെ 45.87 ശതമാനവും ഉയര്‍ന്ന പ്രദേശങ്ങളാണ്. 16 ശതമാനം കുറഞ്ഞ ചെരിവുള്ള ഭാഗങ്ങളും അത്രയും തന്നെ കുത്തനെ ചെരിവുള്ള ഭാഗങ്ങളുമാണ്. 17 ശതമാനം വയലും 5 ശതമാനം സമതലങ്ങളുമാണ്. എന്നാല്‍ ഭൂ വിനിയോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നതോടെ വയലിന്റെയും മറ്റും വിസ്തൃതിയില്‍ വ്യത്യാസം വന്നിട്ടുണ്ട്. ചരല്‍ കലര്‍ന്ന ചുവന്ന മണ്ണ്, കളി മണ്ണ്, എക്കല്‍ മണ്ണ്, ചെങ്കല്ല്, കരിങ്കല്‍ പാറ എന്നിവയാണ് വ്യാപകമായി കാണുന്നത്.
കോഴിക്കോട് കിഴക്കേ കോവിലകം കരിക്കാട്ടുമന പട്ടനാട് നാടരുവീട്ടില്‍ കക്കുഴി തറവാട്, തൊട്ടിയില്‍ കീഴുവീട്ടില്‍ കറുത്തേടത്ത് തുടങ്ങിയ ജന്‍മി കുടുംബങ്ങളിലെ കൃഷിയിടങ്ങളായിരുന്നു അധികവും. നെല്ലിന് പുറമെ കശുമാവ്, വാഴ, പച്ചക്കറി, തെങ്ങ്, പയറ്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, റബ്ബറ്, കമുക്, മരച്ചീനി തുടങ്ങിയവയും വ്യാപകമായി കൃഷി ചെയ്തു. ജലസേചനത്തിനായി ആദ്യ കാലങ്ങളില്‍ തോടുകളില്‍ ചിറ കെട്ടിയിരുന്നു. തോടുകള്‍ കുളങ്ങള്‍ എന്നിവയുടെ അരികുകളില്‍ കൈതച്ചെടികള്‍ വെച്ചു പിടിപ്പിച്ചു സംരക്ഷിച്ചു. ഓല, മുളങ്കുറ്റി, വാഴയിലകള്‍, കമുങ്ങിന്‍ പാളകള്‍ എന്നിവ കൊണ്ട് ചിറ കെട്ടി നെല്‍ വയലുകളിലേക്ക് വെള്ളം നല്‍കി. ഏത്തം, കയറ്റുകൊട്ട എന്നിവയും ജലസേചനത്തില്‍ ഉപയോഗിച്ചു.