| Waste managment | വേട്ടേക്കോടിനെ ക്ലീനാക്കാം, ഖരമാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടുള്ള ട്രഞ്ചിങ് ഗ്രൗണ്ടിൽ കാലങ്ങളായി കൂട്ടിയിട്ടിരുന്ന ഖര മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചു. അഡ്വ. യു.എ ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബയോ മൈനിങ് പ്രവൃത്തിയുടെ സ്വിച്ച് ഓൺ കർമം ജില്ല കലക്ടർ വി.ആർ വിനോദ് നിർവഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് (കെ.എസ്.ഡബ്ല്യു.എം.പി) പ്രവൃത്തി നടത്തുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എം.എസ് കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. 1.10 ഏക്കർ ഭൂമിയിൽ നിന്ന് 20902 മെട്രിക് മാലിന്യമാണ് നീക്കം ചെയ്യുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുക. ഒരു മാസത്തിനുള്ളിൽ വേട്ടേക്കാട് നിന്ന് മാലിന്യം പൂർണമായും നീക്കം ചെയ്യും. 2.75 കോടിയാണ് ചെലവ് വരുന്നത്. മാലിന്യം തരംതിരിക്കുന്നതിനാവശ്യമായ ആധുനിക യന്ത്രം കഴിഞ്ഞ ദിവസം വേട്ടേക്കോട് എത്തിച്ചിരുന്നു. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ബയോ മൈനിങ്ങും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ കോരിയെടുത്ത് വേർതിരിച്ച് ഖരമാലിന്യങ്ങൾ സിമൻറ് കമ്പനിയിലേക്ക് കയറ്റി അയക്കും. തുടർന്ന് ഈ സ്ഥലത്ത് മികച്ച സൗകര്യങ്ങളോടെയുള്ള പാർക്ക് നിർമ്മിക്കാനാണ് നഗരസഭയുടെ തീരുമാനം. |
|