‘സ്വച്ഛ് സർവ്വേക്ഷൻ 2025 - 2026’ ന്‍റെ ഭാഗമായി മഞ്ചേരി നഗരസഭ സീതിഹാജി ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച ‘എക്കോ ഗോൾ - വേസ്റ്റ് ടു ആർട്ട്’ മഞ്ചേരിക്ക് സമർപ്പിച്ചു. ബഹു. എം.എൽ.എ അഡ്വ.എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പാഴ് വസ്തുക്കൾ മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റിക്കൊണ്ട് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന അജൈവ മാലിന്യങ്ങളെ സർഗ്ഗാത്മകമായി പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പ്ലാസ്റ്റിക്, ഇരുമ്പ് അവശിഷ്ടങ്ങൾ, പഴയ കുപ്പികൾ, ടയറുകൾ തുടങ്ങിയ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ‘പന്ത് തട്ടുന്ന ഫുട്ബാൾ താര’ത്തെയാണ് നിർമിച്ചത്.
നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്നും ഹരിതകർമ്മ സേന ശേഖരിച്ച വസ്തുക്കളാണ് കലാരൂപങ്ങൾക്കായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. നഗരസഭക്ക് വേണ്ടി ശിൽപ്പം നിർമിച്ച ഉണ്ണി ഉഗ്രപുരം, ശ്രീരാജ് കുനിയിൽ എന്നിവർക്ക് നഗരസഭയുടെ സ്നേഹോപഹാരം കൈമാറി.