മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിന്റെ ആസ്ഥാന നഗരസഭ. കേരളത്തിലെ ഏറ്റവുംകൂടുതല്‍ വിസ്തൃതിയുള്ളതും ഗ്രാമ-നഗരസമ്മിശ്ര സാമുഹ്യഘടനയുള്ളതുമായ മഞ്ചേരി അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മണ്ണും പ്രകൃതിയും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. 

     എല്ലാ മത സമുദായങ്ങളിലുംപെട്ട സമ്പന്ന കുടുംബങ്ങളും അദ്ധ്വാനികളായ മനുഷ്യരും സൌഹൃദത്തണലില്‍ ഒന്നിച്ചിരുന്ന സ്നേഹത്തിന്റെ തുരുത്ത്. വ്യത്യസ്ത ചിന്താഗതികളും സംസ്കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും മഞ്ചേരിയുടെ മണ്ണിടം ഊഷമളമായാണ് സ്വീകരിച്ചത്. ഭൂപ്രദേശത്തിന്റെ വൈവിധ്യം പോലെതന്നെ ഹൃദയവിശാലതയുടെ അവബോധം എല്ലാ മനുഷ്യരെയും ഒരുപോലെ ഉള്‍ക്കൊള്ളാനുള്ള പക്വത ചരിത്രം പകര്‍ന്നു നല്‍കി.

     അപൂര്‍വ്വവും അതുല്യവുമായ മേട്ടങ്ങളും മറക്കാനാവാത്ത ചരിത്ര സംഭവങ്ങളും, പ്രശസ്തമായ മതസാംസ്കാരിക കൂട്ടായ്മകളും, വൈദേശിക മേധാവിത്വത്തിനെതിരെയുള്ള വ്യത്യസ്തമായ പോരാട്ട വഴികളും രാഷ്ട്രീയ ദിശാബോധം നല്‍കിയ നേതൃത്വങ്ങളും മഞ്ചേരിയെ മാനവ ചരിത്രത്തിലെ മഹാചേരിയാക്കി ഉയര്‍ത്തി.